വടകര: (vatakara.truevisionnews.com)തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികൾ ഉൾപ്പെടെയുള്ള എഴ് യുവാക്കൾ നാട്ടിൽ തിരിച്ചെത്തി.
മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, മലപ്പുറം എടപ്പാൾ സ്വദേശി അജ്‌മൽ, മംഗളൂരു സ്വദേശി റോഷൻ ആൻ്റണി എന്നിവരാണ് തിരിച്ചെത്തിയത്.
മണിയൂർ സ്വദേശികളായ അഞ്ച് യുവാക്കൾ ഇന്ന് പുലർച്ചെ 2.30ഓടെയാണ് നാട്ടിലെത്തിയത്
ഞായറാഴ്ച്‌ച രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ഇവർ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി തൊഴിൽ തട്ടിപ്പ് സംബന്ധിച്ച് വിശദമായ മൊഴി നൽകിയ ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്.
ഒക്ടോബർ 4നാണ് സുഹൃത്ത് മുഖേന യുവാക്കൾ കംബോഡിയയിൽ എത്തിയത്. തായ്‌ലൻഡിലെ ജോലി വാഗ്ദാനം വിശ്വസിച്ച് യുവാക്കൾ വിമാനം കയറുകയായിരുന്നു.
എന്നാൽ കംബോഡിയയിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിലാണ് യുവാക്കളെ എത്തിച്ചത്. തുടർന്ന് ഇവരോട് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും മറ്റുമാണ് കമ്പനി നിർദേശിച്ചത്.
ഇതു നിരസിച്ചതോടെ യുവാക്കളെ തടവിലാക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇവിടെ നിന്നും മറ്റൊരു കമ്പനിയിലേക്കു മാറ്റാൻ ശ്രമിക്കുന്നതിനിടെ ടാക്‌സി ഡ്രൈവറുടെ സഹായത്തോടെ ഇവർ രക്ഷപ്പെടുകയായിരുന്നു.
തുടർന്നാണ് സംഘം ഇന്ത്യൻ എംബസിയിലേക്ക് പോയതും നാട്ടിലേക്ക് വരാനുള്ള വഴി തെളിഞ്ഞതും.
#natives #Vadakara #who #were #trapped #Cambodia #due #employment #fraud #have #returned #home