Dec 18, 2024 08:52 PM

ആയഞ്ചേരി: (vatakara.truevisionnews.com) ഗ്രാമപഞ്ചായത്തിൽ അസി. എൻജിനീയർ നിയമനം നടക്കാത്തതിനാൽ നിർമാണ മേഖല സ്തംഭിച്ചിരിക്കുകയാണ്.

പഞ്ചായത്തിൽ സ്ഥിരമായി അസി. എൻജിനീയർ കഴിഞ്ഞ കുറെ വർഷങ്ങളിലായി വളരെ അപൂർവമായി മാത്രമേ നിയമിച്ചിട്ടുള്ളൂ.

കഴിഞ്ഞ നാലുമാസമായി പഞ്ചായത്തിൽ എൻജിനീയർ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. സമീപ പഞ്ചായത്തുകളായ മണിയൂർ, തിരുവള്ളൂർ, വില്യാപ്പള്ളി പഞ്ചായത്തുകളിലെ എ.ഇമാർക്ക് അധിക ചുമതല നൽകിയാണ് പലപ്പോഴും അധികൃതർ പ്രശ്നം പരിഹരിക്കാറുള്ളത്. അതാകട്ടെ ഇരു പഞ്ചായത്തുകളുടെയും പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ് പതിവ്.

ഇപ്പോൾ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എ.ഇക്കാണ് ചുമതല നൽകിയിട്ടുള്ളത്. ബ്ലോക്കിൽ തന്നെ പിടിപ്പത് ജോലിത്തിരക്കിനിടയിൽ പഞ്ചായത്തിലെ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കാൻ പ്രയാസമുണ്ടെന്നാണ് എ.ഇയുടെ നിലപാട്.

കൂടാതെ ഒരു ഓവർസിയറുടെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. ഭിന്നശേഷിക്കാരനായ ഒരു ഓവർസിയർ മാത്രമാണ് പഞ്ചായത്തിലെ എൽ.എസ്.ജി.ഡി വിഭാഗത്തിൽ ഇപ്പോൾ നിലവിലുള്ളത്.

കേന്ദ്ര ധനകാര്യ കമ്മീഷന്റെയും മെയിൻ്റനൻസ് ഗ്രാൻഡിൽ ഉൾപ്പെടുത്തിയും തനത് ഫണ്ട് ഉപയോഗിച്ചും പദ്ധതി തയ്യാറാക്കിയ 50 ഓളം റോഡ് പണികളാണ് പഞ്ചായത്തിൽ ഇപ്പോൾ പ്രധാനമായും മുടങ്ങിക്കിടക്കുന്നത്.

പല പഞ്ചായത്തിലും ഇത്തരം ഫണ്ടുകളിലുള്ള പ്രവർത്തികൾ ഭാഗികമായോ പൂർണ്ണമായോ ചെയ്തു വരുമ്പോൾ ആയഞ്ചേരിയിലെ ടെൻഡർ നടപടി പോലും ഇതുവരെ തുടങ്ങിയിട്ടില്ല എന്നതാണ് വസ്തുത.

മാർച്ച് മാസം കഴിയുന്നതിന് മുമ്പ് ടെൻഡർ നടപടികൾ ആരംഭിച്ച് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ടതുണ്ട്. കൂടാതെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ സ്പില്ലോവറായ പ്രവർത്തികൾ വേറെയും ഒരുപാട് തുടങ്ങാനുണ്ട്.


പൊതുമരാമത്ത് പദ്ധതി പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായതോടെ പഞ്ചായത്തിലെ നിർമ്മാണ പ്രവർത്തികൾ ആകെ സ്തംഭനാവസ്ഥയിലാണ്. പഞ്ചായത്തിന് വരുമാനം ലഭിക്കേണ്ട നിരവധി കെട്ടിട നിർമ്മാണ പ്രവർത്തനവും നിലച്ച മട്ടാണ്. പാർപ്പിടാവശ്യവും വാണിജ്യാവശ്യവുമായ നൂറു കണക്കിന് കെട്ടിടങ്ങൾ സന്ദർശിക്കാനോ പെർമിറ്റ് നൽകാനോ നമ്പറിങ് പൂർത്തിയാക്കാനോ എ.ഇ. ഇല്ലാത്തതിനാൽ കഴിയുന്നില്ല. നല്ലൊരു വരുമാനം ലഭിക്കേണ്ട ഇത്തരം പ്രവർത്തികൾ മുടങ്ങിക്കിടക്കുന്നത് പഞ്ചായത്തിനു തന്നെ ഭീമമായ നഷ്ടമാണ് സംഭവിക്കുന്നത്. പാർപ്പിടാവശ്യത്തിന് പണികഴിപ്പിച്ച കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കാത്തത് പൊതുജനങ്ങളെയും ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.


എ.ഇയെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മുട്ടാത്ത വാതിലുകളില്ല. തിരുവനന്തപുരത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ മുഴുവൻ പോയി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും അതുപോലെ ജില്ലാ കളക്ടർ, ജോയിൻറ് ഡയറക്ടർ മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊക്കെ നിവേദനം നൽകിയെങ്കിലും അനുകൂലമായ നടപടികൾ അധികൃതർ ഇതുവരെ കൈകൊണ്ടിട്ടില്ല.


എ.ഇയെ നിയമിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടോയെന്ന് ഭരണപക്ഷം സംശയിക്കുന്നു. ഉടൻ നിയമിക്കാത്ത പക്ഷം സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ ഭരണകൂടത്തിന് മുന്നിലും ഭരണസമിതി അംഗങ്ങൾ കുത്തിയിരിപ്പ് സമരവും അതോടൊപ്പം പഞ്ചായത്തിലെ പൊതുജനങ്ങളെ ഉൾപ്പെടുത്തി പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് അറിയിച്ചു.

#Assistant #Engineer #Ayanchery #Grama #Panchayath #Construction #sector #stagnates

Next TV

Top Stories