കോഴിക്കോട് : (vatakara.truevisionnews.com) കൂട്ടുകാര്‍ക്കൊപ്പം യാത്ര തിരിച്ചത് ശനിയാഴ്ച രാത്രിയായിരുന്നു. എന്നാൽ ആ സന്തോഷത്തിന് മണിക്കൂറുകളുടെ മാത്രം ആയുസേ ഉണ്ടായിരുന്നുള്ളു. താമരശ്ശേരി ചുരത്തില്‍ കൊക്കയില്‍ വീണ് മരിച്ച അമലിന്റെ ഓർമയില്‍ കണ്ണീരണിഞ്ഞ് തോടന്നൂര്‍.


ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് തോടന്നൂര്‍ നാട്ടിലേക്ക് ആ ദുരന്ത വാർത്ത എത്തിയത്. താമരശ്ശേരി ചുരത്തിൻ്റെ ഒമ്പതാം വളവിൽ കൊക്കയിലേക്ക് വീണ് അമൽ മരിക്കുകയായിരുന്നു. വടകരയിലെ തോടന്നൂർ സ്വദേശിയാണ് അമൽ (23).
ചുരത്തിന്റെ ഒമ്പതാം വളവിന് സമീപത്തെത്തിയപ്പോൾ മൂത്രമൊഴിക്കാനായി നിർത്തിയ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അമൽ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
ഉടനെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമൽ 22ന് രാത്രി 8 മണിയോടെയാണ് വീട്ടിൽ നിന്നും സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര തിരിച്ചത്.
ഒരു ദിവസത്തെ യാത്രയായിരുന്നു പ്ലാൻ ചെയ്തിരുന്നത്. ഇതിനിടെയാണ് നിനച്ചിരിക്കാതെ അപകടത്തിൽപ്പെടുന്നത്.
ഒപ്പമുണ്ടായിരുന്നവർ അമലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധിക്കാതെ വന്നതിനു പിന്നാലെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് കൊക്കയിൽ നിന്നും അമലിനെ പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനായി ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. അമൽ ഉൾപ്പെടെ 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
#thamarassery #churam #accident Thodannoor #burst #tears #memory #Amal