Apr 15, 2025 10:13 AM

ആയഞ്ചേരി: രണ്ട് ദശാബ്ദ‌ക്കാലമായി പൈങ്ങോട്ടായി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കനിവ് പൈങ്ങോട്ടായിക്ക് കീഴിലുള്ള "കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്" പൈങ്ങോട്ടായി ഗൾഫ് കോഡിനേഷൻ കമ്മിറ്റി കൂട്ടായ്‌മയായ പി എം ജി സി സി നൽകുന്ന പുതിയ വാഹനം ഇന്ന് കൈമാറും.

പൈങ്ങോട്ടായി പള്ളിമുക്കിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ അഫീഫ് വള്ളിൽ കൈമാറും. കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ ഫൈസൽ അധ്യക്ഷത വഹിക്കും.

ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് എൻ അബ്‌ദുൽ ഹമീദ്, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പിസി ഹാജറ എന്നിവർ മുഖ്യാതിഥികളാവും.പിഎംജിസിസി ജനറൽ സെക്രട്ടറി ടി കെ മുജീബ്, കുറുവങ്ങാട്ട് കുഞ്ഞബ്‌ദുല്ല എന്നിവർ ചേർന്ന് വാഹനം കൈമാറും.

കനിവ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലായി 2016 പ്രവർത്തനം തുടങ്ങിയ കനിവ് പാലിയേറ്റീവിന്റെ പ്രവർത്തനത്തിനാണ് പുതിയ വാഹനം വാങ്ങി നൽകുന്നത്.

പത്ത് വർഷമായി പാലിയേറ്റീവിനായി ഓടികൊണ്ടിരിക്കുന്ന വാഹനം മാസങ്ങളായി കട്ടപ്പുറത്തായിരുന്നു. ഇതുകാരണം ആഴ്ച്ചയിലെ വീടുകൾ കയറിയുള്ള രോഗീപരിചരണം പ്രയാസകരമായിരുന്നു.

നഴ്‌സ്, വളന്റിയർമാർ, മരുന്ന്, മറ്റുപകരണങ്ങൾ എന്നിവയുമായി വാഹനമില്ലാതെ വീടുകളിൽ എത്തിച്ചേർന്ന് പരിചരണം ഏറെ ശ്രമകരമായി ചെയ്യേണ്ടി വരുന്നത് പൈങ്ങോട്ടായി മഹല്ല് ഗൾഫ് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുത്തൻ വാഹനം വാങ്ങിച്ചു നൽകാൻ തീരുമാനവുമായി കമ്മിറ്റി മുന്നോട്ട് വന്നത്.

വാർഡ് മെമ്പർമാരായ ആയിശ ടീച്ചർ, നജ്‌മുന്നിസ, ഹംസ വായേരി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പൈങ്ങോട്ടായി മഹല്ല് പ്രസിഡൻ്റ് ടി കെ അലി, കനിവ് കൺവീനർ കെ സി മുത്തലിബ്, കനിവ് പാലിയേറ്റീവ് കെയർ കൺവീനർ എകെ കരീം, കനിവ് ആംബുലൻസ് സർവീസ് കൺവീനർ ടിഎച്ച് ഇഖ്ബാൽ, കനിവ് പാലിയേറ്റീവ് വിംഗ് വനിതാ വിഭാഗം കൺവീനർ സാബിറ മുസ്‌തഫ, കനിവ് സെക്രട്ടറി എ കെ നാസിം എന്നിവർ സംബന്ധിക്കും.




#Kaniv #Palliative #receive #new #vehicle #today #consolation

Next TV

Top Stories










News Roundup