വടകര: ( vatakaranews.com) വടകരയിൽ വൈദ്യുതി വിതരണം ഭൂഗർഭ കേബിൾ (യു.ജി.സി അണ്ടർ ഗ്രൗണ്ട് കേബിൾ) വഴിയാകുന്നുന്നു. ജില്ലയിൽ കോഴിക്കോട്, വടകര സർക്കിളുകളിലെ പ്രധാന കേന്ദ്രങ്ങളിലെ വൈദ്യുത ലൈനുകളാണ് ഭൂഗർഭ കേബിളിലേക്ക് മാറുന്നത്. കോഴിക്കോട്, തിരുവനന്തപുരം. എറണാകുളം ജില്ലകളിലെ പോസ്റ്റുകളിലൂടെയുള്ള (ഓവർ ഹെഡ്) വൈദ്യുതി വിതരണ ലൈനുകൾ ഭൂഗർഭ കേബിളിലേക്ക് മാറ്റുന്ന പദ്ധതിക്ക് കെ.എസ്.ഇ.ബി 176.58 കോടി രൂപയുടെ അനുമതി നൽകി.


എച്ച്.ടി ലൈനുകൾ, സബ് സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇ.എച്ച്.ടി ലൈനുകൾ എന്നിവ ഭൂമിക്കടിയിലൂടെയാക്കുന്ന പദ്ധതി നേരത്തെ ജില്ലയിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് സാധാരണ ലൈനുകളും (എച്ച്.ടി) ഭൂമിക്കടിയിലൂടെയാക്കുന്നത്. ഇതോടെ വൈദ്യത തൂണുകൾ പൂർണ്ണമായും ഒഴിവാക്കാം. വൈദ്യുതി ലൈൻ പൊട്ടി വീണുള്ള അപകടങ്ങളും വൈദ്യുതി തടസ്സവും ഇല്ലാതാക്കാം.
പദ്ധതിയുടെ ഭാഗമായി അണ്ടർ ഗ്രൗണ്ട് കേബിൾ, ഏരിയൽ ബഞ്ച്‌ഡ് കേബിൾ, റിങ് മെയിൻ യൂണിറ്റ് സിസ്റ്റം എന്നിവയും ആധുനിക ട്രാൻസ്ഫോർറുകളും തെരുവു വിളക്കുകൾ നിയന്ത്രിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനവും സ്ഥാപിക്കും. വടകര സർക്കിളിൽ 30 കിലോമീറ്ററിലാണ് യു.ജി.സി വരുന്നത്.
നാദാപുരം- തൂണേരി, മണിയൂർ - ഓർക്കാട്ടേരി, കക്കട്ടിൽ - മുട്ടുങ്ങൽ, മൂടാടി- കൊടക്കാട്ടുമുറി എന്നിവിടങ്ങളിലാണ് ലൈനുകൾ സ്ഥാപിക്കുക. മിക്കയിടത്തും പുതിയ 11 കെ.വി ലൈനുകൾ സ്ഥാപിച്ച് ഇൻ്റർലിങ്ക് ചെയ്യും. മേപ്പയ്യൂർ സബ് സ്റ്റേഷനിൽ നിന്ന് ഒറ്റ ലൈനായാണ് മൂടായിലേക്ക് എത്തിക്കുക. ഇതിലൂടെ വലിയ തോതിലുള്ള വൈദ്യുതി നഷ്ടം ഇല്ലാതാക്കാനാകും.
#Electricitysupply #Vadakara #via #undergroundcable