---
title: "ശസ്ത്രക്രിയ പൂർത്തിയായി; പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു"
english_title: "puthuppanam vatakara cpm bjp clash stabbed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293570/puthuppanam-vatakara-cpm-bjp-clash-stabbed-new"
published_at: "2025-06-01T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c183f9791a_7.jpg"
keywords: []
---

# ശസ്ത്രക്രിയ പൂർത്തിയായി; പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

> **Lead Summary:** **വടകര: ** പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ പൂർത്തിയായി. അപകട നില തരണംചെയ്തു.

## Article Content

**വടകര: ** പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ പൂർത്തിയായി. അപകട നില തരണംചെയ്തു.

ഇന്നലെ രാത്രിയോടെയായിരുന്നു വടകര പുതുപ്പണത്ത് സി.പി.എം-ബിജെപി സംഘർഷം ഉണ്ടായത്. വെളുത്തമല വായനശാലയുടെ മേൽക്കൂര മാറ്റുന്നതിലെ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.

കഴിഞ്ഞ 23 കൊല്ലമായി പ്രവർത്തിക്കുന്ന പുതുപ്പണം വെളുത്തമല വായനശാലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് തർക്കം നിലനിൽക്കുന്നുണ്ട്.

വായനശാലയുടെ മേൽക്കൂര മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ മഴയത്ത് തകർന്നുപോയ മേൽക്കൂരയുടെ ഷീറ്റ് മാറ്റി പണിയാനായി വായനശാലയുമായി ബന്ധപ്പെട്ട ആളുകൾ ശ്രമിച്ചിരുന്നു. എന്നാൽ പുതിയ മേൽക്കൂര വായനശാലയ്ക്ക് സമീപമുള്ള തൻ്റെ ബിൽഡിങ്ങിന് അസൗകര്യം ഉണ്ടാകും എന്ന് ചൂണ്ടിക്കാണിച്ച് പ്രദേശവാസിയായ ഒരാൾ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് സ്റ്റേഷനിൽ വച്ച് പ്രശ്‌നം പരിഹരിക്കുകയും മേൽക്കൂരയുടെ ഷീറ്റ് മാറ്റിയിടാൻ നിർദേശം നൽകുകയും ചെയ്തു.

ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം വായനശാലയുമായി ബന്ധപ്പെട്ട കുറച്ചാളുകൾ മേൽക്കൂരയിൽ ഷീറ്റ് ഇട്ടു. എന്നാൽ പുതിയ ഷീറ്റ് ഇന്നലെ അർധരാത്രി 12 മണിയോടെ നാലുപേർ എത്തി മാറ്റാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

ഇതോടെ സിപിഎം പ്രവർത്തകരും അക്രമികളും തമ്മിൽ വാക്കേറ്റമായി. ഇത് പിന്നീട് അക്രണത്തിൽ കലാശിക്കുകയായിരുന്നു. സിപിഐഎം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗര സഭ കൗണ്‍സിലറുമായ കെ എം ഹരിദാസന്‍ , വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, ബിബേഷ് കല്ലായിന്റ് വിട എന്നിവര്‍ക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ പ്രവീണിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയ പൂർത്തിയായി പ്രവീൺ അപകടനില തരണം ചെയ്തു.

ആക്രമിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നെന്ന് സിപിഎം ചൂണ്ടിക്കാട്ടി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വടകര പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293570/puthuppanam-vatakara-cpm-bjp-clash-stabbed-new)