വടകര: (vatakara.truevisionnews.com) കുട്ടോത്ത് -അട്ടക്കുണ്ട് കടവ് റോഡ് കിഫ്‌ബി അംഗീകരിച്ച 10 മീറ്റർ വീതി ഡിപിആർ കോടതി തള്ളിയെന്നത് കള്ളപ്രചാരണമാണെന്ന് ഇരകളുടെ കർമ്മസമിതി. പദ്ധതി ഏതുവിധേനയും വൈകിപ്പിക്കുന്നതിനുള്ള ശ്രമം ചില നിക്ഷിപ്ത താൽപര്യക്കാർ നടത്തിവരുന്ന വിവരം നേരത്തെ പലതവണ ഇരകളുടെ കർമ്മസമിതി മണിയൂരിലെ ജനങ്ങളുടെ ശ്രദ്ധയിയിൽപെടുത്തിയിരുന്നു.
പദ്ധതി തടസ്സപ്പെടുത്താനുള്ള തങ്ങളുടെ വാദങ്ങളെല്ലാം കോടതിയിൽ നിലനിലക്കാതെ വന്നപ്പോൾ നടപടിക്രമങ്ങളിലെ തികച്ചും സാങ്കേതികമായ കാര്യം ഉന്നയിച്ചുകൊണ്ട് പദ്ധതിയെ വീണ്ടും സാമൂഹികാഘാതപഠനം നടത്തണമെന്ന ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.,
കാലതാമസം കാരണം സാമൂഹികാഘാതം വർദ്ധിച്ചിട്ടുണ്ടെന്നും അതിനാൽ വീണ്ടും സാമൂഹികാഘാതപഠനം നടത്തണമെന്നുമാണ് പദ്ധതി വൈകിപ്പിക്കുന്നതിനായി ഇവർ കോടതിയിൽ ഉന്നയിച്ച ഒരു വാദം. പുതിയ 11-1 നോട്ടിഫിക്കേഷനിൽ ആദ്യ 11-1 നോട്ടിഫിക്കേഷൻ ‘ഭേദഗതി ചെയ്യുന്നു’ എന്നതിന് പകരം അത് ‘റദ്ദാക്കുന്നു’ എന്ന പദം മാറി ഉപയോഗിച്ചത് കാരണം വീണ്ടും സാമൂഹികാഘാത പഠനം നടത്തണമെന്നാണ് ഇവർ കോടതിയിൽ ഉന്നയിച്ച മറ്റൊരു വാദം.
സാധാരണ പദ്ധതി തടസ്സപ്പെടുത്തണമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ മറ്റിടങ്ങളിൽ ഇരകൾ ഉന്നയിക്കാറുള്ള വാദമാണ് വികസന നേതാക്കളായി സ്വയം അവരോധിച്ചവർ ഉന്നയിച്ചത് .
കോടതിയിൽ പദ്ധതി ഇല്ലാതാക്കാനുള്ള മറ്റുവാദങ്ങളൊന്നും അംഗീകരിക്കപ്പെടാതെ വന്നപ്പോൾ പദ്ധതി വൈകിപ്പിക്കാൻ വേണ്ടി ഉന്നയിച്ച സാങ്കേതിക തടസ്സവാദങ്ങൾ കോടതി ഉത്തരവിലൂടെ പുറത്തുവരുകയും അതിന്റെ ജാള്യം മറയ്ക്കാൻ കിഫ്‌ബി അംഗീകരിച്ച 10 മീറ്റർ റോഡിൻറെ ഡിപിആർ കോടതി തള്ളി 12 മീറ്ററിൽ പദ്ധതി നടപ്പാക്കാൻ കോടതി ഉത്തരവിട്ടെന്ന കള്ളപ്രചാരണം നടത്തുകയാണ് വികസന വിരുദ്ധരായ ഇവരെന്ന് കർമ്മസമിതി വാർത്താകുറിപ്പിൽ പറഞ്ഞു.
04/11/2020 ലെ കിഫ്‌ബി എക്സിക്യൂട്ടീവ് യോഗത്തിൽ അംഗീകാരം നൽകിയ 10 മീറ്റർ വീതിയിലുള്ള റോഡ് നിർമ്മിക്കുന്നതിനുള്ള ഡി പി ആർ പ്രകാരം പദ്ധതി നടപ്പാകുമെന്ന ഘട്ടമെത്തിയപ്പോൾ, പദ്ധതി പരമാവധി വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇവർ ചെയ്തിട്ടുള്ളത് . 2019 മുതൽ ലക്ഷങ്ങൾ 'ചെലവാക്കി ആറോളം കേസുകൾ നടത്തി പദ്ധതി വൈകിപ്പിച്ചവർ തന്നെയാണ് ഇപ്പോൾ സാമൂഹികാഘാതപഠനത്തിന്റെ കാലാവധി കഴിഞ്ഞുപോയെന്ന വാദം ഉയർത്തിയത് .
തുടക്കം മുതൽ ദുരൂഹമായ ഇടപെടലുകളാണ് ഈ വികസനവിരോധികൾ നടത്തിവന്നിരുന്നത്. അപാകതയും പക്ഷപാതവും ഉള്ള ആദ്യ അലൈൻമെന്റ് ജനങ്ങളിൽ നിന്ന് മറച്ചുവെക്കുന്നതിനായി കുറ്റിയിടാതെ സാമൂഹികാഘാത പഠനം നടത്താൻ മുൻകൈയെടുത്തവരാണ് പദ്ധതി വൈകിപ്പിക്കാൻ അതേ പഠനം റദ്ദാക്കി വീണ്ടും പഠനം നടത്തണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത് എന്നും സമിതി ആരോപിച്ചു.
04/11/2020-ൽ കിഫ്ബി പദ്ധതിയുടെ ഡി പി ആർ അംഗീകരിച്ചശേഷം പി ഡബ്ല്യൂ ഡി - റവന്യൂ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഡി പി ആറിന് വിരുദ്ധമായി തയ്യാറാക്കിയ ചില റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഇറക്കിയ ചില ഉത്തരവുകൾ ഉപയോഗിച്ചാണ് ഇതുവരെ ഇവർ പദ്ധതി വൈകിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്.ഇത് സർക്കാർ തിരിച്ചറിഞ്ഞ് ഡി പിആറും സർക്കാർ ഉത്തരവുകളും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങിയതിനാലാണ് പദ്ധതി വൈകിപ്പിക്കാൻ ഇവർക്ക് തികച്ചും സാങ്കേതികമായ തടസ്സവാദങ്ങൾ കോടതിയിൽ ഉന്നയിക്കേണ്ടി വന്നത് .
2020 ൽ മുൻ എം എൽ എ പാറക്കൽ അബ്ദുള്ളയുടെ കാലത്ത് പി ഡബ്ല്യൂ ഡി സമർപ്പിച്ച 10 മീറ്റർ വീതിയിലുള്ള റോഡ് നിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ ഡി പി ആർ കിഫ്‌ബി അംഗീകരിക്കുമ്പോൾ എസ്റ്റിമേറ്റ് തുക 83.43 കോടിയായിരുന്നു .ഇപ്പോൾ അഞ്ചു വർഷത്തിന് ശേഷം എസ്റ്റിമേറ്റ് പുതുക്കുകയാണെങ്കിൽ അത് 100 കോടി കവിയും .കൂടാതെ വ്യവഹാരങ്ങൾ വഴി പദ്ധതി വൈകുന്നതിനാൽ വികസന പദ്ധതി അംഗീകരിച്ച റോഡ് റീ ടാർ ചെയ്യുന്നതിന് 2.69 കോടി കിഫ്‌ബി ചെലവാക്കേണ്ടിയും വന്നു . സാമൂഹികാഘാത പഠനം മുതൽ ഇതുവരെ നടന്ന ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടികൾക്ക് ചെലവായ ലക്ഷങ്ങളും പദ്ധതി വൈകിപ്പിക്കാൻ വികസന വിരുദ്ധർ നടത്തിയ ശ്രമത്തിന്റെ ഭാഗമായി പാഴായിരിക്കുകയാണ് .
കോടതി ഉത്തരവിന്റെ 'മറവിൽ വികസന വിരുദ്ധരായ ഇക്കൂട്ടർ നടത്തുന്ന വ്യാജ അവകാശവാദങ്ങളും പദ്ധതി വൈകിപ്പിക്കുന്നതിന്റെ പിന്നിലെ ഇവരുടെ നിക്ഷിപ്തതാല്പര്യങ്ങളും മണിയൂരിലെ ജനങ്ങൾ തിരിച്ചറിയണമെന്നും കോടതി ഉൾപ്പെടെ അംഗീകരിച്ച ഡി പി ആർ പ്രകാരം പദ്ധതി എത്രയും വേഗം നടപ്പിലാക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും ഇരകളുടെ കർമ്മസമിതി ആവശ്യപ്പെടുന്നു .
Claim that the court rejected the KIIFB DPR is false propaganda Victims Action Committee