അഴിയൂർ:(vatakara.truevisionnews.com) സാങ്കേതിക തടസ്സങ്ങൾ കാരണം അഴിയൂർ പഞ്ചായത്തിലെ പൊതുശ്മശാന നിർമാണം വൈകുന്നതിനാൽ പൊതുജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം. മാഹി മുനിസിപ്പൽ പൊതുശ്മശാനത്തിൽ അഴിയൂർ പഞ്ചായത്തിലെ പൊതുജനങ്ങൾക്കും മൃതദേഹങ്ങൾ സംസ്കരിക്കാൻ മാഹി മുൻസിപ്പൽ കമ്മീഷണർ സതേന്ദ്ര സിംഗ് അനുമതി നൽകി. പൊതുജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സമർപ്പിച്ച ഭീമ ഹർജിയെ തുടർന്നാണ് കമ്മീഷണറുടെ നടപടി.
അഴിയൂർ പഞ്ചായത്തിലെ തുണ്ട് ഭൂമികളിൽ താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ വലിയ പ്രയാസങ്ങളാണ് നിലവിൽ അനുഭവിച്ചു വരുന്നത്. മുമ്പ് ഒരു കോളനിയിലെ വീടിന്റെ അടുക്കള ഭാഗം പൊളിച്ചുമാറ്റി മൃതദേഹം സംസ്‌കരിക്കേണ്ട അവസ്ഥ പോലും വന്നിരുന്നു. അഴിയൂർ പഞ്ചായത്ത് പൊതുശ്മശാന നിർമാണം സാങ്കേതിക പ്രശ്‌നങ്ങളിൽ പെട്ട് അനന്തമായി നീണ്ടു പോവുകയാണ്. ഇപ്പോൾ ദക്ഷിണ റെയിൽവേ പ്രസ്തുത ഭൂമിയിൽ അവകാശവാദം ഉന്നയിച്ചു നോട്ടീസ് നൽകിയതോടെ പ്രവൃത്തി മുടങ്ങിയ അവസ്ഥയിലാണ്. അഴിയൂർ പഞ്ചായത്ത് ഒരു കോടിയോളം രൂപ ചെലവിട്ട് നിർമിക്കാൻ ഉദ്ദേശിച്ച പൊതുശ്മശാനത്തിന്റെ പൈലിംഗ് പ്രവർത്തിയടക്കം ആരംഭിച്ചതിനുശേഷമാണ് റെയിൽവേ ഭൂമിയുടെ മേൽ അവകാശവാദം ഉന്നയിച്ചു രംഗത്ത് വന്നത്.


പ്രസ്തുത ഭൂമിയിലേക്ക് റോഡിന് വേണ്ടി ജനകീയ ഫണ്ട് ശേഖരണത്തിലൂടെ പഞ്ചായത്ത് ഭൂമി വാങ്ങിയിരുന്നു. ഇതോടെ പതിറ്റാണ്ടുകൾ നീണ്ട അഴിയൂരുകാരുടെ പൊതുശ്മശാനം എന്ന സ്വപ്നം പൂവണിയുമെന്ന് കരുതിയിരുന്നു. എന്നാൽ റെയിൽവേയുടെ തടസ്സവാദത്തോടെ പ്രവൃത്തി മുടങ്ങി. ഇതോടെയാണ് മാഹി കോരപ്പൻ കുറുപ്പാൾ കുന്നുമ്മലിൽ പ്രവർത്തിക്കുന്ന മാഹി മുൻസിപ്പൽ പൊതുശ്മാശനത്തിൽ അഴിയൂർ പഞ്ചായത്തിലെ പൊതുജനങ്ങൾക്കും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നൂറോളം പേർ ഒപ്പിട്ട നിവേദനം മാഹി മുൻസിപ്പൽ കമ്മീഷണർ സതേന്ദ്ര സിങ്ങിന് അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ കൈമാറിയത്. ആവശ്യം അനുഭാവപൂർവം പരിഗണിച്ച കമ്മീഷണർ ഉടൻ തന്നെ അനുമതിയും നൽകി. അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ് മെമ്പർ സാലിം പുനത്തിൽ, പി.പുരുഷോത്തമൻ, സജീവൻ സി.എച്ച്, അനിൽകുമാർ ടി.കെ, അജിത് കുമാർ ഉഷസ്സ്, കമ്മീഷണർ ഓഫീസ് മാനേജർ പ്രമോദ് കുമാർ സംബന്ധിച്ചു.
Permission has been granted to the public of Azhiyur Panchayat to bury dead bodies in the Mahe Municipal Public Crematorium