വടകര: (vatakara.truevisionnews.com) വീടിന്റെ സൺഷേഡിൽ കയറിനിന്ന ഇതര സംസ്ഥാന യുവാവ് പരിഭ്രാന്തി പരത്തി. വടകര വണ്ണാത്തി ഗേറ്റിൽ വ്യാഴം പകൽ 11.30 ഓടെയാണ് സംഭവം.മീത്തൽ രാമചന്ദ്രന്റെ വീട്ടിലെ സൺഷേഡിന് മുകളിലാണ് യുവാവ് നിലയുറപ്പിച്ചത്. രാമചന്ദ്രന്റെ ഭാര്യ മുറ്റത്ത് നിൽക്കവേ മുകളിൽനിന്ന് ശബ്ദം കേട്ട് നോക്കുമ്പോഴാണ് കൈയിൽ വടിയുമായി ഒരാൾ നിൽക്കുന്നത് കണ്ടത്.
ഭയന്നുപോയ ഇവർ വീട്ടുകാരെയും അയൽവാസികളെയും അറിയിച്ചു. പരിസരവാസികൾ ഓടിക്കൂടിയതോടെ വടി കളഞ്ഞെങ്കിലും യുവാവ് താഴേക്ക് ഇറങ്ങാൻ തയ്യാറായില്ല. ഇതോടെ വീട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചു. പൊലീസ് യുവാവിനോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് ഫയർഫോഴ്സ് എത്തി വലവിരിച്ച് താഴെ ഇറക്കാനുള്ള ശ്രമം തുടങ്ങിയതോടെ ഇയാൾ സമീപത്തെ തെങ്ങിലേക്ക് ചാടുകയും ഊരി താഴെ വീഴുകയുമായിരുന്നു.


ഇയാൾ എങ്ങനെ മുകളിൽ കയറി എന്നത് വ്യക്തമല്ല. രാവിലെ മുതൽ റോഡിന്റെ പല ഭാഗത്തായി ഇയാളെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. മുഷിഞ്ഞ പാന്റും ഷർട്ടുമാണ് വേഷം. കസ്റ്റഡിയിലെടുത്ത യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
A young man standing on the sunshade of a house in Vadakara caused panic