പാറക്കല്‍ അബ്ദുല്ല എംഎല്‍എക്ക് എതിരായ നീക്കത്തെ പ്രതിരോധിക്കുമെന്ന് യുഡിഎഫ്

By news desk | Tuesday March 13th, 2018

SHARE NEWS

വടകര: കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലക്കെതിരായി സിപിഎമ്മിന്റെ ഉന്നത നേതൃത്വം ഗൂഡാലോചന നടത്തിവരികയാണെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം ആരോപിക്കുന്നു. ഗൂഡാലോചനയെ ഏറെ ഗൗരവത്തോടെ അന്വേഷിക്കണമെന്നു ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖും മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ പാണ്ടികശാലയും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയില്‍ പൊതുയോഗത്തില്‍ അബ്ദുള്ളക്കെതിരായി സിപിഎം നേതൃത്വം ഭീഷണി സ്വരത്തില്‍ സംസാരിച്ചെന്നാണ് യുഡിഎഫ് നേതൃത്വം ആരോപിക്കുന്നത്. പാറക്കല്‍ അബ്ദുള്ള ആര്‍എംപിയുടെ ഏജന്റാണ്. ആര്‍എംപിയെ സഹായിക്കുന്നവരെ വകവരുത്തും എന്ന തരത്തില്‍ പാറക്കല്‍ അബ്ദുല്ലയുടെ പേരെടുത്തു പറഞ്ഞുവരെ അക്രമത്തിനു ആഹ്വാനം ചെയ്തതായി ആരോപണമുണ്ട്.

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായി കുറ്റ്യാടി മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയതോടെ എംഎല്‍എയോട് സിപിഎം നേതൃത്വത്തിന്റെ പക വര്‍ദ്ധിച്ച് തുടങ്ങി. സാന്ത്വന പ്രവര്‍ത്തനങ്ങളിലും വികസന രംഗത്തും എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുള്ള എംഎല്‍എയുടെ ഇടപെടല്‍ ജനസമ്മതി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇതിനെ സിപിഎം ഭയപ്പെടുന്നു. ഒഞ്ചിയം, വടകര മേഖലകളില്‍ സിപിഎം അനാവശ്യമായി സംഘര്‍ഷങ്ങളുണ്ടാക്കുകയാണ്. എംഎല്‍എയ്‌ക്കെതിരെ പകയോടെയാണ് സിപിഎം ജില്ലാ നേതൃത്വം സംസാരിക്കുന്നത്.

ജില്ലയുടെ കൂടുതല്‍ മേഖലയിലേക്കു സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് സിപിഎം നേതൃത്വം പിന്തിരിയണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. സിപിഎം അക്രമത്തിനെതിരെ യുഡിഎഫ് നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രതിഷേധം വരുംദിവസങ്ങളിലുണ്ടാകുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്