അശ്വതി ടീച്ചര്‍ തിരക്കിലാണ് ; പ്രണയം പ്രകൃതിയോടും അക്ഷരങ്ങളോടും

By അഖില്‍ വിനായക് | Saturday May 16th, 2020

SHARE NEWS

വടകര : ലോക്ക് ഡൗണ്‍ സമയത്ത് എല്ലാവരും വീട്ടിലാണ്. വിരസത മാറ്റാന്‍ പലതരം കാര്യങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയാണ് മിക്കവരും. ഏതാണ്ട് ഒന്നരമാസമായി തുടരുന്ന ലോക്ക് ഡൗണില്‍ വിവിധ തരം ഓണ്‍ലൈന്‍ കളികള്‍, മത്സരങ്ങള്‍, ബക്കറ്റ് ചിക്കന്‍ പോലുള്ള കുക്കിങ് പരീക്ഷണങ്ങള്‍ എന്നിവയില്‍ ഏര്‍പെട്ടവരുണ്ട്. ഇവയൊക്കെയാണ് നവമാധ്യമങ്ങളിലെ പ്രധാനപ്പെട്ട വിശേഷങ്ങളും. എന്നാലിതൊന്നും ശ്രദ്ധിക്കാതെ പ്രകൃതിയുമായി പ്രണയത്തിലാണ് വടകര വൈക്കിലശ്ശേരിയില്‍. നാദാപുരം എം ഇ ടി കോളേജിലെ അധ്യാപികയായ അശ്വതി എം കെ.

അശ്വതിയുടെ വാട്‌സാപ്പ് സ്റ്റാറ്റസ് മുഴുവന്‍ പ്രകൃതിയാണ്. വെറും പ്രകൃതി അല്ല കേട്ടോ ! വീടിനു ചുറ്റുപാടും, തൊടിയും, ഇടവഴികളും വൃക്ഷങ്ങളും, കിളികളും ഒക്കെയാണ് അശ്വതിയുടെ ദൃശ്യങ്ങളിലെ താരങ്ങള്‍. ഫോട്ടോഗ്രഫിയോട് പണ്ടുമുതലേ അശ്വതിക്ക് കമ്പമാണ്. മൊബൈല്‍ ഫോണുമായി രാവിലെ വീട്ടുമുറ്റത്തേക്ക് ഇറങ്ങും, പിന്നെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങും. ഇലകളുടെ മര്‍മരങ്ങള്‍,കിളികള്‍ ചിലയ്ക്കുന്നത്, അണ്ണാറക്കണ്ണന്‍ മാമ്പഴങ്ങള്‍ തിന്നുന്നത്, മഴയുടെ ദൃശ്യ വിസ്മയങ്ങള്‍ സന്ധ്യാ സമയത്തെ വീട്ടു മുറ്റം അങ്ങനെ നീളുന്നു ടീച്ചറുടെ ലിസ്റ്റിലെ ദൃശ്യങ്ങള്‍ .

പ്രകൃതിയോട് വല്ലാത്ത ചങ്ങാത്തത്തില്‍ ആണ് ടീച്ചര്‍. ചിത്രങ്ങള്‍ പകര്‍ത്തുക മാത്രമല്ല, കുറെ നേരം ഇലകളോടും ജീവികളോടും സംസാരിച്ചിരിക്കും ടീച്ചര്‍..വീട്ടുമുറ്റത്തും പറമ്പിലും എത്തുന്ന അപൂര്‍വം ജീവികളും അശ്വതിയുടെ ക്യാമറയില്‍ പതിയാറുണ്ട്. പഴയ കാല രീതിയിലുള്ള വീടായതിനാല്‍ ദൃശ്യങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗിയാണ്.

ടീച്ചര്‍ ഉപയോഗിക്കുന്ന എല്ലാ നവ മാധ്യമങ്ങളിലും പ്രകൃതി തന്നെയാണ് താരം. ഫോട്ടോഗ്രഫിയില്‍ മാത്രമല്ല ടീച്ചര്‍ക്ക് കമ്പം, ഒരു കൊച്ചു കവയത്രി കൂടിയാണ് അശ്വതി. വായനക്കാരെ ത്രസിപ്പിക്കുന്ന നിരവധി കവിതകള്‍ എഴുതിയിട്ടുണ്ട്. നന്നായി വരയ്ക്കുകയും ചെയ്യും. പഴയ കാല സോഷ്യലിസ്റ്റ് നേതാവും ചോറോട് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന അന്തരിച്ച എം കെ ഗോപാലന്റെ മകളാണ്. അച്ഛന്റെ ഇനീഷ്യലില്‍ എം കെ എന്ന തൂലികാ നാമത്തിലാണ് കവിതകള്‍ എഴുതാറ്. നാദാപുരം എം ടി കോളേജിലെ കോമേഴ്‌സ് വിഭാഗം അധ്യാപികയായി അഞ്ചു വര്‍ഷമായി ജോലി ചെയ്ത് വരികായാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്