കടലിന്റെ മക്കള്‍ക്ക് സര്‍ക്കാറിന്റെ കൈതാങ്ങ്…. 2008 ഡിസംബര്‍ വരെയുള്ള വായ്പകള്‍ക്ക് കടാശ്വാസം

By | Saturday November 24th, 2018

SHARE NEWS

കോഴിക്കോട് : സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തില്‍ നടന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 18 കേസുകള്‍ പരിഗണിച്ചു. അര്‍ഹമായ കടാശ്വാസം ലഭിക്കാതെ പോയ മത്സ്യത്തൊഴിലാളികളുടെ പരാതികളും കടാശ്വാസമായി ലഭിച്ച തുക കണക്കില്‍ വരവ് വെച്ചതിലുള്ള ക്രമക്കേടുകള്‍ കാരണം അധിക തുക അടക്കേണ്ടി വന്നത് സംബന്ധിച്ച് ലഭിച്ച പരാതികളും അധിക തുക ഈടാക്കാന്‍ ബാങ്കുകളുടെ നടപടികളില്‍ ലഭിച്ച പരാതികളും 2010 കമ്മീഷന്‍ ശിപാര്‍ശ ചെയ്ത കടാശ്വാസ തുക ലഭിച്ചിട്ടില്ല തുടങ്ങി പരാതികളും അദാലത്തില്‍ പരിഗണിച്ചു.
2008 ഡിസംബര്‍ വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകള്‍ക്ക് കൂടി കടാശ്വാസം അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണ് എന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു. ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാന്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ചട്ടങ്ങളിലും ഭേദഗതി ഉത്തരവ് വരുന്ന മുറക്ക് പുതിയ കടാശ്വാസ അപേക്ഷ സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് കുടിശ്ശിക തുക അടച്ചു തീര്‍ക്കുന്നതിന് ഇളവ് നല്കുന്നതിന് റീജിയണല്‍ ഓഫീസില്‍ നിന്നും അനുമതി വാങ്ങി അടുത്ത അദാലത്തില്‍ പരിഗണിക്കാന്‍ ധാരണയായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാവങ്ങാട് ശാഖ, ഒഞ്ചിയം സര്‍വ്വീസ് സഹകരണ ബാങ്ക്, കോഴിക്കോട് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളികളുടെ പരാതികളില്‍ ബന്ധപ്പെട്ട ബാങ്കുകള്‍ ഹാജരാകാത്തതിനാല്‍ അടുത്ത സിറ്റിംഗില്‍ വീണ്ടും പരിഗണിക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
കടല്‍ ക്ഷോഭമോ മറ്റ് ദുരന്തങ്ങള്‍ മൂലമോ നാശനഷ്ടം സംഭവിച്ച മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കായി എടുത്ത വായ്പകള്‍ സംബന്ധിച്ച് അതാത് ജില്ലയിലെ ബന്ധപ്പെട്ട ഫിഷറീസ് ഡെപ്യുട്ടി ഡയരക്ടര്‍മാര്‍ കമ്മിഷന് റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം വായ്പ തിരിച്ചടവ് സംബന്ധിച്ച് കടാശ്വാസ നിയമത്തിന്റെ പരിധിയില്‍ നിന്നു കൊണ്ട് കടാശ്വാസത്തിന് കമ്മിഷന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനമായിട്ടുള്ളതായും ചെയര്‍മാന്‍ അറിയിച്ചു. കൂടാതെ നഷ്ടപ്പെട്ടതോ കേടുപാടുകള്‍ തീര്‍ക്കാനാവാത്ത വിധം നാശം സംഭവിച്ചതോ ആയ മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്ക് പകരം പുതിയത് ലഭ്യമാക്കുന്നതിനായി മത്സ്യത്തൊഴിലാളി കള്‍ക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് കമ്മിഷന് ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന് നിര്‍ദേശം നല്‍കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ. മനോജ്, സഹകരണ അസിസ്റ്റന്റ് ഡയറക്ടര്‍ എം. രജിത, സഹകരണ ജോയിന്റ് ഡയരക്ടര്‍ ഓഫീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മിനി ചെറിയാന്‍, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാര്‍, അപേക്ഷകര്‍, മത്സ്യത്തൊഴിലാളി നിരീക്ഷകന്‍ സി.പി. രാമദാസന്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്