നിയമം ക്രിമിനലുകളുടെ വഴിയെ നീങ്ങുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

By news desk | Wednesday February 21st, 2018

SHARE NEWS

വടകര : നിയമം ക്രിമിനലുകളുടെ വഴിക്ക് നീങ്ങുന്നതിന് തെളിവാണ് ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ നടന്ന അക്രമങ്ങളെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാരണം ഈ മേഖലയില്‍ അക്രമം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി മാറുകയാണുണ്ടായത്. പൊലീസ് ഫലപ്രദമായ ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍ ഏകപക്ഷീയമായ അക്രമത്തിന് ഈ പ്രദേശം
സാക്ഷിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ ആര്‍എംപി പ്രവര്‍ത്തകരുടെ
തകര്‍ക്കപ്പെട്ട വീടുകളും, കടകളും സന്ദര്‍ശിച്ചതിന് ശേഷം
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അക്രമത്തിന് ഇരയായവര്‍ക്ക് സംരക്ഷണം നല്‍കാത്ത പൊലീസ്, ഇരകളെ തന്നെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസില്‍ പ്രതി ചേര്‍ക്കുകയാണുണ്ടായത്.

അക്രമത്തിന് നേതൃത്വം കൊടുത്തവര്‍ക്ക് ഒരു കേസ് പോലും ഇല്ല. ഇത് നിയമവാഴ്ചയുടെ തകര്‍ച്ചയെയാണ് അടയാളപ്പെടുത്തുന്നത്. പൊലീസ് ക്രിമിനലുകളെ ഭയക്കുകയാണ്. നാദാപുരം ഷിബിന്‍ വധവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കാന്‍ അന്നത്തെ യുഡിഫ് സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ ക്രൂരമായ അക്രമത്തിന് ഇരയാവുകയും, സ്വത്ത് സമ്പാദ്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത ഒഞ്ചിയത്തെ
ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരിലെ ശുഹൈബ് വധവും, ഒഞ്ചിയത്തെ അക്രമവും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസ്സന്‍ ആരോപിച്ചു. ഈ രണ്ട് സംഭവങ്ങളും ഒരേ സമയങ്ങളിലാണ് നടക്കുന്നത്. നേതൃത്വങ്ങളുടെ ഗൂഢാലോനയുടെ ഭാഗമാണ് അക്രമം നടന്നതെന്നും ഇത് അന്വേഷിക്കണം. കൊടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന സാമ്പത്തിക തിരിമറി ജനങ്ങളുടെ ഇടയില്‍ മറച്ചു വെക്കാനാണ് കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ സിപിഎം അക്രമം അഴിച്ചു വിട്ടത്.

ആര്‍.എം.പി കാര്‍ക്കെതിരെ നടക്കുന്ന അക്രമം എന്ത് വില കൊടുത്തും നേരിടും. കണ്ണൂരിലെ അക്രമത്തിനെതിരെ കെ.സുധാകരന്‍ നടത്തുന്ന സമര കെ.പി.സി.സി.യുടെ നിര്‍ദ്ദേശ്ശ പ്രകാരമാണെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഉമ്മന്‍ചാണ്ടിയും, ഹസ്സനും സന്ദര്‍ശനത്തിനായി ഇവിടെ എത്തിയത്. കെപിസിസി സെക്രട്ടറിമാരായ ശൂരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി,ഡിസിസി പ്രസിഡണ്ട് ടി .സിദ്ധീഖ്, കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഅഭിജിത്ത്, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ.ഐ മൂസ, കോട്ടയില്‍ രാധാകൃഷ്ണന്‍,വി.എം.ചന്ദ്രന്‍,സുനില്‍ മടപ്പള്ളി ബാബു ഒഞ്ചിയം,പുറന്തോടത്ത് സുകുമാരന്‍, സി കെ വിശ്വനഥാന്‍, കെ പി കരുണന്‍, വി പി ദുല്‍ഖിഫില്‍ എന്നിവരും ഇവരെ അനുഗമിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്