അപരനെ അറിയുക എന്നതാണ് മൗലികവാദത്തെ നേരിടാനുള്ള മാര്‍ഗം : എ പി അഹമ്മദ്

By | Monday June 10th, 2019

SHARE NEWS

വടകര: അപരനെ അറിയുക എന്നതാണ് മൗലികവാദത്തെ മുറിച്ചുകടക്കാനുള്ള മാര്‍ഗ്ഗമെന്ന് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്. യുവകലാസാഹിതി മടപ്പള്ളിയൂണിറ്റ് സംഘടിപ്പിച്ച സുഹൃദ് സംഗമം2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യനെ അറിയാതിരിക്കുകയും തന്റേത് മാത്രം കേമമെന്ന് കരുതുകയും ചെയ്യുന്നതാണ് മൗലിക വാദം. മതമൗലികവാദം പോലെ തന്നെയാണ് പാര്‍ട്ടി മൗലിക വാദവും. ആയുധങ്ങള്‍ കൊണ്ടും അക്രമത്തിലൂടെയുമല്ല, സ്‌നേഹം കൊണ്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാക്കേണ്ടത്. സ്‌നേഹം കൊണ്ടല്ലാതെ സംവാദം സാധ്യമാകില്ല. പോരാളികള്‍ പൊരുതാനായി ജനിച്ചവരാണ്. അല്ലാതെ ജയിക്കാന്‍ വേണ്ടി മാത്രമല്ല. പരാജയം ചരിത്രത്തിന്റെ അവസാനമല്ല. പക്ഷെ പരാജയങ്ങള്‍ പാഠമാവണം.
വിശ്വാസത്തെ യുക്തി കൊണ്ട് നേരിടുന്നത് നവോത്ഥാനമല്ല. വിശ്വാസത്തെ വിശ്വാസം കൊണ്ടാണ് നേരിടേണ്ടത്. ആ ചാരങ്ങള്‍ മാറി വരണമെന്ന് ആര്‍ക്കും ആഗ്രഹിക്കാം. എന്നാല്‍ ഒരു സമൂഹത്തിനകത്താണ് മാറ്റം വരേണ്ടത്. അതാണ് നവോത്ഥാനം. വിജയത്തെ, തിരിച്ചുപിടിക്കാന്‍ കുതന്ത്രങ്ങള്‍ക്കാകില്ല.
കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്നതില്‍ നാം എങ്ങിനെയാണ് പരാജയപ്പെടുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. കാലത്തെ അറിയുക, ദേശത്തെ അറിയുക എന്ന താണ് യുവകലാസാഹിതിയുടെ മുദ്രാവാക്യം. ഭാഷയില്‍ വരുന്ന മാറ്റം സംസ്‌കാരത്തിന്റെ സൂചികയാണ്. എന്തിനേയും ഉള്‍ക്കൊള്ളുന്ന മാതൃത്വത്തിന്റെ പേരാണ് ഭാരതീയ മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മടപ്പള്ളി ജി വി എച്ച് എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ ഗംഗാധരകുറുപ്പ് അധ്യക്ഷത വഹിച്ചു. മടപ്പള്ളി യുവകലാസാഹിതി പ്രസിഡന്റ് അഡ്വ. ഒ ദേവരാജന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ടി കെ രാജന്‍ മാസ്റ്റര്‍, ആര്‍ സത്യന്‍, റൂബി, എന്‍ പി അനില്‍കുമാര്‍, കെ പി രമേശന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യുവകലാസാഹിതി കുടുംബാംഗങ്ങളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും എല്‍ എസ് എസ്, യു എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയവരേയും ചടങ്ങില്‍ അനുമോദിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്